ഒരുകാലത്ത് സൂപ്പർ ആക്ഷൻ ചിത്രങ്ങളുടെ കിംഗ് മേക്കർ ആയിരുന്നു ഷാജി കൈലാസ്. ഷാജി കൈലാസ് സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിരവധി ആക്ഷൻ ചിത്രങ്ങൾ പിറവിയെടുത്തിട്ടുണ്ട്. ഏകലവ്യൻ ചിന്താമണി കൊലക്കേസ് കമ്മീഷണർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഇരുവരുടെയും കൂട്ടുകെട്ടിൽ പിറവിയെടുത്തു.
സിനിമയ്ക്ക് അപ്പുറവും ഇരുവരുടെയും സൗഹൃദം വളരെ വലുതാണെന്ന് സുരേഷ് ഗോപിയും ഷാജി കൈലാസും പല സമയങ്ങളിലും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും അടക്കം ഉള്ള താര രാജാക്കന്മാർക്കൊപ്പം തന്നെ വേദിയിൽ സുരേഷ് ഗോപിക്കൊപ്പം ഷാജി കൈലാസും ഉണ്ടായിരുന്നു.
സുഹൃത്തും സഹപ്രവർത്തകനും എന്നതിലുപരി മൂല്യബോധമുള്ള ഒരു മനുഷ്യനാണ് സുരേഷ് ഗോപി എന്നാണ് ഇപ്പോൾ ഷാജി കൈലാസ് തൻറെ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പറഞ്ഞിരിക്കുന്നത്. ഏകലവ്യൻ എന്ന ഇരുവരുടെയും ചിത്രത്തിനിടയ്ക്ക് സംഭവിച്ച ചില ഓർമ്മകൾ ഓർത്തെടുത്തുകൊണ്ടാണ് ഷാജി കൈലാസ് ഫേസ്ബുക്കിൽ ഇക്കാര്യം പറഞ്ഞത്.
ഷാജി കൈലാസിന്റെ ഫേസ്ബുക്കിലെ കുറുപ്പിന്റെ പൂർണ്ണരൂപം:
‘ചില ഓർമ്മകൾ പൂക്കളെ പോലെയാണ്. അവ സ്നേഹത്തിൻ്റെ സുഗന്ധം പരത്തും. ഭാഗ്യയുടെ വിവാഹനാളിൽ ഗുരുവായൂരമ്പലനടയിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സഹപ്രവർത്തകൻ്റെയോ സുഹൃത്തിൻ്റെയോ മാത്രമായിരുന്നില്ല. മറിച്ച് ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു. ഒരു കലാകാരൻ്റെയും രാഷ്ട്രീയക്കാരൻ്റെയും തിരക്കുകളിൽ നിന്ന് അച്ഛൻ്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓർമ്മയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപ്പോയി.
ഏകലവ്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സുരേഷ് ഗോപി ആ സിനിമയിൽ ആദ്യമായി അഭിനയിക്കുവാൻ എത്തുകയാണ്. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിതയൗവന പകർന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യഷോട്ടിനായി വരുമ്പോഴാണ് അത് സംഭവിച്ചത്. ക്യാമറ നിലത്ത് വീണു..! ലെൻസ് പൊട്ടിച്ചിതറി..! സെറ്റ് മൂകമായി. സുരേഷിൻ്റെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിൻ്റെയും അലയൊലി. ഞാൻ സുരേഷിനെ ആശ്വസിപ്പിച്ചു. സ്റ്റിൽ ഫോട്ടോഗ്രാഫറായ സുനിൽ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകൾ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്.
ഐശ്വര്യക്കേടിൻ്റെയും ദുർനിമിത്തത്തിൻ്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വേണമെങ്കിൽ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യൻ പൂർത്തിയായി. സുരേഷ് ഗോപി സൂപ്പർതാരമായി. മൂന്ന് തവണയാണ് ഏകലവ്യൻ്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാൻ ഓർമ്മിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു.
ഗുരുവായൂരപ്പനും ലൂർദ്ദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കല്പങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികൾക്കും നന്മയുണ്ടാവട്ടെ.’